19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം; ആവേശത്തോടെ രണ്ടാം ദിനം

പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  സിനിമ കാണാന്‍ റിസര്‍വ്വേഷന്‍ വേണമെന്ന വ്യവസ്ഥ രാവിലെ തന്നെ പിന്‍വലിച്ചതോടെ തിയേറ്ററുകളിലേക്ക് ഡെലിഗേറ്റുകളുടെ ഒഴുക്കായി. രാവിലെ മുതല്‍ ആഘോഷത്തിന്റെ അന്തരീക്ഷം.  ക്യൂ നിന്ന് ആദ്യം കയറിയവര്‍ക്ക് സീറ്റു കിട്ടി. ഹൗസ്ഫുള്ളായ ശേഷം തിയേറ്ററിനുള്ളില്‍ നിന്ന് കാണാനും ധാരാളം പേരുണ്ടായി. ഇന്നലെ 10 തിയേറ്ററുകളിലായി 48 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.  മീറ്റ് ദ ഡയറക്ടര്‍ പരിപാടിയും മലയാളം മാര്‍ക്കറ്റ് ചര്‍ച്ചയും തിരശ്ശീലയ്ക്ക് പുറത്തെ പരിപാടികളിലെ മികച്ച തുടക്കങ്ങളായി. വൈകുന്നേരത്തോടെ കൈരളി തിയേറ്ററിനു മുന്നില്‍ കലാകാരന്മാര്‍ അവതരിപ്പിച്ച പാട്ടും ഡാന്‍സുമെല്ലാം മേളയ്‌ക്കെത്തിയവര്‍ക്ക് കൗതുകമായി.  മിക്ക ചിത്രങ്ങളും തനത് ആവിഷ്‌കാരത്തിലൂടെ ശ്രദ്ധനേടി. രാത്രി വൈകി പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കാണാനും തിരക്കു തന്നെ. നേരത്തയുള്ള ഷെഡ്യൂളില്‍ നിന്ന് വ്യത്യസ്തമായി രാവിലെ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന ഫീല്‍ഡ് ഓഫ് ഡോഗ്  ന്യൂതിയേറ്ററിലും ന്യൂതിയേറ്ററില്‍  പ്രദര്‍ശിപ്പിക്കാനിരുന്ന ദ ട്രീശ്രീ തിയേറ്ററിലും പ്രദര്‍ശിപ്പിച്ചു.
വൈവിധ്യങ്ങളുടെ അക്ഷയപാത്രമായ ലോകസിനിമാവിഭാഗത്തില്‍ 28 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 10 തിയേറ്ററുകള്‍ക്കു പുറമെ നിശാഗന്ധിയില്‍ ലോകസിനിമാ വിഭാഗത്തിലെ 'ദി പ്രസിഡന്റും' പ്രദര്‍ശിപ്പിച്ചു. ധൂര്‍ത്ത് നിറഞ്ഞ ഭരണത്തില്‍ നിന്നും നിഷ്‌കാസിതനാകുന്ന ഭരണാധികാരിയുടെ പതനകഥ പ റഞ്ഞ ചിത്രം നല്ല അഭിപ്രായം നേടി. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന തുര്‍ക്കി സിനിമാലോകത്തുനിന്നുള്ള 'കം ടു മൈ വോയ്‌സ്', 'യോസ്ഗാത് ബ്ലൂസ്' എന്നീ ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ചൈനീസ് പാക്കേജില്‍ ചക്‌മെ റിംപോച്ചെ സംവിധാനം ചെയ്ത 'അത' ശ്രദ്ധേയമായി. ബുദ്ധജീവിതത്തിന്റെ ഉള്‍ക്കാഴ്ചയും സിനിമയുടെ സാങ്കേതികതയും ഒത്തുചേര്‍ന്ന ചിത്രമായിരുന്നു 'അത'. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ 'ഒരാള്‍ പൊക്കം' ശ്രദ്ധേയമായി. ജൂറി ചെയര്‍മാന്‍ ഷി ഫെയുടെ 'എ ഗേള്‍ ഫ്രം ഹുനാന്‍', 'ബ്ലാക് സ്‌നൊ' എന്നീ ചിത്രങ്ങള്‍, കണ്ടംപററിമാസ്റ്റര്‍ വിഭാഗത്തില്‍ ജാപ്പനീസ് സംവിധായിക നവോമി കവാസെ, ജനനം കൊണ്ട് ഇസ്രേലിയാണെങ്കിലും സ്വയം പാലസ്തീനിയെന്ന് വിശേഷിപ്പിച്ച ഹണി അബു ആസാദ് എന്നിവരുടെ ചിത്രങ്ങള്‍ മികച്ച ദൃശ്യ വിരുന്നായി. വിഭജനത്തിന്റെ മുറിപ്പാടുകളെക്കുറിച്ച് പറഞ്ഞ ഹണി അബു ആസാദിന്റെ 'ഒമര്‍' പ്രതീക്ഷ നിലനിര്‍ത്തി.
ഫ്രഞ്ച് പാക്കേജില്‍ 'ദി നണ്‍' തിങ്ങിനിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. അടിച്ചേല്‍പ്പിക്കുന്ന മതമൂല്യങ്ങളെ എതിര്‍ക്കുന്ന ചിത്രം കന്യാസ്ത്രീ മഠങ്ങളുടെ മനുഷ്യത്യ രഹിതമായ വശങ്ങള്‍ തുറന്നുകാട്ടി. സംഗീതത്തിന്റെ ലോകത്തേക്ക് ചിറകടിച്ചുയരാന്‍ ആഗ്രഹിക്കുന്ന സുസൈനെ സാഹചര്യങ്ങള്‍ കന്യാസ്ത്രീയുടെ കുപ്പായത്തിലാണ് എത്തിക്കുന്നത്. അടക്കാനാകാത്ത സ്വാതന്ത്ര്യമോഹവും അടിച്ചേല്‍പ്പിക്കപ്പെടുന്ന മൂല്യങ്ങളും പ്രക്ഷുബ്ധമായ അന്തരീക്ഷവും സൃഷ്ടിക്കുന്നു. വ്യക്തിത്വത്തെ ചവിട്ടിമെതിക്കുന്ന സംവിധാനങ്ങളുടെ കൈകളിലെത്തപ്പെടുന്ന യുവതികളുടെ വിധിയാണ് ചിത്രത്തിലൂടെ ഗില്ലാമെ നിക്ലോ പറയുന്നത്.

ഹാസ്യത്തിലൂടെ ചരിത്രം സൃഷ്ടിച്ച ബസ്റ്റര്‍ കീറ്റണിന്റെ 'ദി ജനറല്‍', ശബ്ദ സിനിമകളുടെ വക്താവ് മിക്കലോസ് ജാക്‌സൊയുടെ 'ദി റൗണ്ട് അപ്പ്' എന്നിവ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു ശ്രദ്ധേയമായി. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ 'മിത്ത് ഓഫ് ക്ലിയോപാട്ര', 'ബ്ലമിഷ്ഡ് ലൈറ്റ്' എന്നിവയും പ്രദര്‍ശിപ്പിച്ചു.

No comments:

Post a Comment