19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 3 December 2014

ഫ്രഞ്ച് - ചൈനീസ് ജീവിതക്കാഴ്ചകളുമായി ഫിലിംപാക്കേജ്

 ഏഴ് ഫ്രഞ്ച് ചിത്രങ്ങളും ആറ് ചൈനീസ് ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്രമേളയിലെ ഫിലിം പാക്കേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇരു രാജ്യങ്ങളുടെയും സാമൂഹ്യ -സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുള്ള പ്രയാണമാകും ഈ ചിത്രങ്ങള്‍.
ഫ്രഞ്ച് പാക്കേജ്
 അന്തര്‍ദേശീയ തലത്തില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളാണ്  ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നാലു ചിത്രങ്ങള്‍ ഓസ്ട്രിയ, ജര്‍മനി, ബല്‍ജിയം, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.
എഴുത്തുകാരി എന്നനിലയില്‍ പ്രശസ്തയായ ജസ്റ്റിന്‍ ടെര്‍ട്ടിന്റെ ആദ്യ സിനിമയാണ് 'ഏജ് ഓഫ് പാനിക്'. പാരീസ് തെരുവുകളില്‍ ചിത്രീകരിച്ച ഈ സിനിമ പത്രപ്രവര്‍ത്തകയായ ലുട്ടീഷ്യയുടെ ജീവിത സംഘര്‍ഷങ്ങളാണ് അനാവരണം ചെയ്യുന്നത്. ഫ്രാന്‍സിന്റെ ബ്രഹത്തായ രാഷ്ട്രീയാന്തരീക്ഷവും സ്തൂലമായ സാമൂഹിക പ്രശ്‌നങ്ങളും നര്‍മത്തിന്റെ മേമ്പൊടിയില്‍ ചിത്രീകരിക്കുന്നു. ഗഹനമായ ഒരു ഇതിവൃത്തത്തെ പുതു ചിന്തയോടെ സമീപിച്ചിരിക്കുകയാണ് സംവിധായിക. കാന്‍സ്, വെനീസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തിരക്കഥാകൃത്തെന്ന നിലയില്‍ പ്രശസ്തയായ മാരിയോ വെര്‍ണൊ സംവിധാനം ചെയ്ത ചിത്രമാണ് 'ബ്രൈറ്റ് ഡെയ്‌സ് എഹെഡ്'. വിവാഹിതയായ ക്യാരൊലിന്‍ എന്ന ദന്തവൈദ്യയുടെ ജീവിതത്തിലുണ്ടാകുന്ന  പ്രണയവും സംഘര്‍ഷങ്ങളും ജീവിത പരിണാമവുമാണ് ചിത്രത്തിന്റെ പ്രമേയം.
2013 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അണ്‍സേര്‍ട്ടണ്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് 'ഗ്രാന്റ് സെന്‍ട്രല്‍'.  റോണ്‍ താഴ്‌വരയിലെ ആണവനിലയത്തില്‍ ജോലിചെയ്യുന്ന ഗ്യാരി എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ആണവനിലയത്തിലെ അപകടകരമായ അന്തരീക്ഷത്തിലും ഗ്യാരിയെ തേടിയെത്തുന്ന പ്രണയത്തിലൂടെ കഥ വികസിക്കുന്നു. ഫ്രഞ്ച് ഓസ്ട്രിയന്‍ സംയുക്തസംരംഭത്തില്‍ പിറന്ന ഈ ചിത്രത്തിന്റെ സംവിധായക റബേക്ക സ്ലോട്ടോസ്‌കിയാണ്.
19 ാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ ജര്‍മന്‍ നോവലിന്റെ ചലച്ചിത്രഭാഷ്യമാണ് അര്‍ണോഡ് ഡെ പല്യെര്‍ സംവിധാനം ചെയ്ത 'എയ്ജ് ഓഫ് അപ്രൈസിങ്: ദി ലെജന്റ് ഓഫ് മൈക്കിള്‍ കൊളാസ്'. ജന്മിത്തവ്യവസ്തയുടെ പതനവും അതേത്തുടര്‍ന്ന് യൂറോപ്പിലുണ്ടാകുന്ന സാമൂഹിക അരാഷ്ട്രീയാവസ്ഥയുമാണ് ചിത്രത്തിന്റെ പ്രമേയം. കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ സിനിമ ജര്‍മന്‍ കാല്പനിക കാലഘട്ടത്തിന്റെ പുനരാവിഷ്‌കരണം കൂടിയാണ്.
പ്രണയം എന്നത് തുറന്നിട്ട വാതില്‍വഴി അനുസ്യൂതം പ്രവഹിക്കുന്ന ഒന്നാണെന്ന് ഊട്ടിയുറപ്പിക്കുയാണ് ജറോം ബോണല്‍ 'ജസ്റ്റ് എ സൈ' എന്ന ചിത്രത്തിലൂടെ. പാരീസിലേക്കുള്ള യാത്രവേളയില്‍ യാദൃശ്ചികമായി പ്രണയബദ്ധരാകുന്ന അപരിചിതരുടെ കഥ പറയുന്നു. പ്രണയം ,ജീവിതത്തോടുള്ള കാഴ്ചപ്പാട് , പരസ്പരവിശ്വാസം തുടങ്ങിയവയെല്ലാം വിഷയമാകുന്നു.
1760 കളിലെ ഫ്രാന്‍സിലെ കന്യാസ്ത്രീ മഠങ്ങളിലെ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ തുറന്നുകാട്ടുകയാണ് 'ദി നണ്‍' എന്ന സിനിമയിലൂടെ ഗുല്യാമെ നക്ലൊസ്. ഡിഡെറോട്ടിന്റെ നോവലിനെ അവലംബിച്ച് ചിത്രീകരിച്ച സിനിമ അടിച്ചേല്‍പ്പിക്കപ്പെടുന്ന മതമൂല്യങ്ങളെ പ്രതിരോധിക്കുന്ന ഒരു സ്ത്രീയുടെ കഥപറയുന്നു.  ബര്‍ലിന്‍, ചിക്കാഗോ, സ്റ്റോക്‌ഹോം, ഫൈഫ തുടങ്ങിയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചൈനീസ് പാക്കേജ്
 വ്യക്തി ബന്ധങ്ങളുടെയും ആത്മീയതയുടെയും വിപ്ലവത്തിന്റെയും പാതയിലൂടെയുള്ള മനുഷ്യയാത്രകളാണ് ചൈനീസ് ചിത്രങ്ങള്‍ പറയുന്നത്.
ബുദ്ധമതത്തിലെ ഉള്‍ക്കാഴ്ചയും സിനിമയുടെ സാങ്കേതികതയും കലാതമകമായി ഒന്നുചേര്‍ന്ന ചിത്രമാണ് ചക്‌മേ റിന്‍പോച്ചെയുടെ 'അത'.  വേദനകളെ അകറ്റുന്നു എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ഥം. ജീവിക്കുന്ന ബുദ്ധന്‍ എന്നറിയപ്പെടുന്ന റിന്‍പോച്ചേമാരില്‍ ഒന്‍പതാമത്തെ തലമുറയില്‍ പെട്ടയാളാണ് ചിത്രത്തിന്റെ സംവിധായകന്‍. വിധവയും നിശ്ചയദാര്‍ഢ്യമുള്ളവളുമായ ട്രക്ക് ഡ്രൈവര്‍ക്ക്  അന്ധനായ മകന്‍ തയന്യുവിനെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ജീവിതത്തിന്റെ ചാലകശക്തി.  തയന്യുവിന് പക്ഷെ അമ്മയില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. അവരുടെ സ്വപ്നങ്ങളിലെ പൊരുത്തക്കേടുകള്‍ അവനെ വീടുപേക്ഷിച്ച് സ്വത്വം തേടിയുള്ള യാത്രയിലേക്ക് നയിക്കുന്നു. ബുദ്ധന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാധ്യമമാകാന്‍ സിനിമയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന സംവിധായകന്റെ ഈ പ്രഥമ ചിത്രം മുംബെ ഫിലിം ഫെസ്റ്റില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു.
ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയ ഹാന്‍ ഹാനിന്റെ 'ദി കോണ്ടിനന്റ്ജന്മനാട് ഉപേക്ഷിച്ച് രാജ്യം ചുറ്റിക്കാണാനിറങ്ങുന്ന മൂന്നു യുവാക്കളുടെ കഥ്  പറയുന്നു. എഴുത്തുകാരനെന്ന നിലയില്‍ പ്രശസ്തനാണ് സംവിധായകന്‍. പഴമയുടെ സൗന്ദര്യവും പുതുമയുടെ സാഹസികതയെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമവും ചിത്രത്തിലുണ്ട്.
ഹോങ്കോങ് ന്യൂവേവിന്റെ വക്താവ് ആന്‍ ഹുയ് സാമൂഹിക പ്രശ്‌നങ്ങള്‍ പ്രമേയമായ ചിത്രങ്ങളിലൂടെ വിവാദം സൃഷ്ടിച്ച സംവിധായികയാണ്. ചൈനയില്‍ ചുരുങ്ങിയകാലം  നിലനിന്ന റിപ്പബ്ലിക്കന്‍ യുഗത്തെ  'ദി ഗോള്‍ന്‍ ഇറ'യിലൂടെ ആന്‍ ആവിഷ്‌കരിക്കുന്നു. നിയമങ്ങളെ വെല്ലുവിളിച്ച് മനോഹരമായ ആഖ്യാനത്തിലൂടെ ഒരുക്കിയിരിക്കുന്ന ചിത്രം ഒന്‍പതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മികച്ച സംവിധായികയ്ക്കുള്ള ഗോള്‍ഡന്‍ ഹോഴ്‌സ് അവാര്‍ഡ് ചിത്രം നേടിയിട്ടുണ്ട്.
ചൈനീസ് പുരാണത്തിലെ ധീരകഥാപാത്രമാണ് നേഴ. വ്യാഘ്രരാജാവിന്റെ മകനെ വധിക്കുന്ന നേഴ, രാജാവിന്റെ പ്രതികാരം കുടംബത്തിനുമേല്‍ പതിക്കാതിരിക്കാന്‍ ആത്മഹത്യ ചെയ്തു. പുരാണകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സംവിധായകന്‍ ലി സിയോ വോഫെങ്  ആദ്യ ചിത്രം 'നേഴ' തയാറാക്കിയിരിക്കുന്നു. കൗമാരക്കാരായ രണ്ട് ആത്മമിത്രങ്ങള്‍ കായികാഭ്യാസിയായ ബാലനെ കണ്ടുമുട്ടുന്നതാണ് കഥാഗതി.
സത്യമോ മിഥ്യയോ എന്നറിയാന്‍ കഴിയാത്ത വിചിത്രാനുഭവങ്ങളിലൂടെ കടന്നുപോകുകയാണ് 'റെഡ് അംനേഷ്യ'യിലെ ഏഴുപതുകാരിയായ വിധവ. അമ്മ സൃഷ്ടിച്ച നിഗൂഢത അഴിക്കാന്‍ ശ്രമിക്കുകയാണ് അവരുടെ രണ്ട് ആണ്‍മക്കള്‍. സാംസ്‌കാരിക വിപ്ലവത്തിന്റെ ഇരകളായി ജയിലടയ്ക്കപ്പെട്ട തന്റെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള സംവിധായകന്‍ വാങ് സിയാപോഷൂവിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍ നിന്നും പാകപ്പെട്ടുവന്നതാണ് ചിത്രം. വിധവയുടെ വേഷം ചെയ്ത ലിവ് ഷോങ് അസാമാന്യ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.

'അങ്കിള്‍ വിക്ടറി' സംവിധായകന്‍ ഴാങ് മെങ് തന്റെ അമ്മാവന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച ചിത്രമാണ്. 10 വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞിറങ്ങുന്ന നായകന് ഈ കാലയളവിന് മുമ്പും പിമ്പുമുള്ള ലോകത്തിന്റെ വിടവ് നികത്താനാകുന്നില്ല. മുന്നോട്ടുള്ള ജീവിതത്തിനായി അയാള്‍ ഒരു നഴ്‌സറി സ്‌കൂള്‍ തുടങ്ങുന്നു. ഒപ്പം തന്റേടിയായ ഒരു യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഷാങ് ഹായ് ചലച്ചിത്രമേളയില്‍ അസാധാരണമായ സെന്‍സര്‍ഷിപ്പ് നേരിടേണ്ടിവന്ന ചിത്രം മേളയില്‍ ഗ്രാന്റ് ജൂറി പുരസ്‌കാരം നേടി.

No comments:

Post a Comment