19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 10 December 2014

ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും

പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ (ഡിസംബര്‍ 12) തിരുവനന്തപുരത്ത് തിരിതെളിയും. വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നിശാഗന്ധിയിലെ ഓപ്പണ്‍തിയേറ്ററില്‍ ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത ഡാന്‍സിംഗ് അറബ്‌സ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.സ മഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കുന്ന ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോച്ചിയോ, ഉദ്ഘാടന ചിത്രത്തിലെ മുഖ്യനടന്‍ തൗഫിക് ബാറോം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.  തുടര്‍ന്ന് ഡിസംബര്‍ 19 വരെ നഗരം പൂര്‍ണ്ണമായും ചലച്ചിത്ര ലഹരിയിലാകും. വിവിധ പാക്കേജുകളിലായി 140 ചിത്രങ്ങള്‍...ഒന്‍പതിനായിരം ഡെലിഗേറ്റുകള്‍... ഒരു ഡസനോളം തിയേറ്ററുകള്‍... ഏഴുനാള്‍ ചലച്ചിത്രങ്ങളുടെ ഉത്സവം. സിനിമാ അഭിനിവേശം കൂട്ടിയോജിപ്പിച്ച സൗഹൃദങ്ങള്‍ തിയേറ്റര്‍ പടവുകളില്‍ ഒന്നു ചേരും.
 ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ലോകകാഴ്ചകളിലൂടെയുള്ള സഞ്ചാരമാകുന്ന ഒട്ടേറെ ചിത്രങ്ങള്‍ മേളയിലെത്തുന്നുണ്ട്. വൈവിധ്യമാര്‍ന്ന പാക്കേജുകളായി തരം തിരിച്ചാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗൗരവമുള്ള ചലച്ചിത്ര ചിന്തകള്‍ക്ക് വേദിയാകുന്ന ഓപ്പണ്‍ഫോറം, പാനല്‍ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയും മാറ്റുകൂട്ടും.100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അവതരിപ്പിക്കുന്നത്. അതുല്യചലച്ചിത്ര പ്രതിഭകളുടെ മികവ് പ്രകടമായ ചിത്രങ്ങള്‍ കണ്ടംപറ റി മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. റിട്രോസ്‌പെക്ടീവ് വിഭാഗം മുന്‍കാല വിഖ്യാത ചിത്രങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമായിരിക്കും. ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമാ വിഭാഗം, മലയാള സിനിമ ഇന്ന്, ചൈനീസ് -ഫ്രഞ്ച് കാഴ്ചകളുമായി പ്രത്യേക വിഭാഗം, ജൂറിചിത്രങ്ങള്‍, മത്സര വിഭാഗം എന്നീ ഇനങ്ങളിലായി ലോക സിനിമയുടെ വിസ്മയക്കാഴ്ചകള്‍ ഇതള്‍വിരിയും. കലാഭന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്റര്‍റ്റിലെ മൂന്ന് വേദികള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ, നിശാഗന്ധി എന്നിവിടങ്ങളിലായാണ്  പ്രദര്‍ശനം.
ബോസ്‌നിയന്‍ സംവിധായകന്‍ ദാനിസ് ടണോവിക്, ജന്മം കൊണ്ട് ഇസ്രായേലിയാണെങ്കിലും സ്വയം പാലസ്തീന്‍കാരനായി വിശേഷിപ്പിച്ച ഹണി അബു ആസാദ്, ജാപ്പനീസ് സംവിധായിക നവോമി കവാസെ എന്നിവരുടെ ചിത്രങ്ങളാണ് കണ്ടംപറ റി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കന്‍ നടനും സംവിധായകനുമായ ബസ്റ്റര്‍ കീറ്റന്‍, ഹങ്കേറിയന്‍ സംവിധായകന്‍ മിക്കലോസ് ജാന്‍സ്‌കോ എന്നിവരുടെ ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചകളും ഭാവങ്ങളും പ്രേക്ഷകരിലെത്തിക്കുന്ന അഞ്ച് ജൂറി ചിത്രങ്ങളാണ് ജൂറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജൂറി ചെയര്‍മാന്‍ ഷീ ഫെയ് സംവിധാനം ചെയ്ത 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മേളയുടെ പ്രധാന ആകര്‍ഷക ഇനമായ മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളും വിദേശഭാഷാ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പി.ശേഷാദ്രി സംവിധാനം ചെയ്ത 'ഡിസംബര്‍ 1', ദേവാശിഷ് മഹീജയുടെ 'ഊംഗ', സജിന്‍ബാബുവിന്റെ 'അസ്തമയം വരെ', സിദ്ദാര്‍ഥ്ശിവയുടെ 'സഹീര്‍' എന്നീ ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
 ഏഴ് ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമ ഇന്ന്  വിഭാഗത്തില്‍ ഉണ്ടാകും. '89', 'ഏക് ഹസ്സാര്‍ കി നോട്ട്', 'ബ്‌ളെമിഷ്ഡ് ലൈറ്റ്', ഗൗര്‍ഹരിഡസ്താന്‍ ദി ഫ്രീഡം ഫയല്‍, മിത്ത് ഓഫ് ക്ലിയോപാട്ര', 'പന്നയ്യാറും പദ്മിനിയും', ദി ടെയ്ല്‍ ഓഫ് നയന ചംമ്പ' എന്നിവയാണ് ചിത്രങ്ങള്‍. ലോകസിനിമാവിഭാഗത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 37 രാജ്യങ്ങളില്‍ നിന്നായി 60 ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. തീവ്രചിന്തയിലൂടെയും ശക്തമായ ആഖ്യാനത്തിലൂടെയും മലയാളിക്ക് പ്രിയങ്കരനായ ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രം മേളയെ ആകര്‍ഷകമാക്കും.
വേള്‍ഡ് പ്രിമിയര്‍ വിഭാഗത്തിലൂടെ ഏഴു ചലച്ചിത്രങ്ങള്‍ മേളയില്‍  റിലീസ് ചെയ്യപ്പെടും.  ഇതില്‍ അഞ്ചെണ്ണം മലയാളചിത്രങ്ങളാണ്.  ബംഗാളി, ഹിന്ദി ഭാഷയിലുള്ളവയാണ് മറ്റു രണ്ട് ചിത്രങ്ങള്‍. 89, മിത്ത് ഓഫ് ക്ലിയോപാട്ര, ജലാംശം, ആലിഫ്, ഒരാള്‍പൊക്കം, വിദൂഷകന്‍, കാല്‍റ്റണ്‍ ടവേഴ്‌സ് എന്നിവയാണ് മേളയിലൂടെ പ്രേക്ഷകരുടെ മുന്നില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.

ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബല്ലോക്കിയോയ്ക്ക് നല്‍കും. നിരവധി മേളകളിലൂടെ പ്രേക്ഷകശ്രദ്ധനേടിയ ഇദ്ദേഹത്തെ നാലാം തവണയാണ് മേളയില്‍ ആദരിക്കുന്നത്. 'മൈ മദേഴ്‌സ് സ്‌മൈല്‍' എന്ന ചിത്രമാണ് ഇത്തവണ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മേളയില്‍ പ്രദര്‍ശിപ്പിക്കുക. 

No comments:

Post a Comment