19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 14 December 2014

കിംകി ഡുക്ക് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം ഇന്ന് (ഡിസം.15)

ഹിംസയിലും രക്തച്ചൊരിച്ചിലിലുമുള്ള വന്യത വ്യാഖ്യാനിച്ച കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' ഇന്ന് (ഡിസംബര്‍ 15) ആദ്യപ്രദര്‍ശനത്തിനെത്തും. ലൈംഗികതയുടെയും അക്രമത്തിന്റെയും തീവ്രഭാവങ്ങള്‍ ചിത്രീകരിച്ച സംവിധായകന്‍ പൈശാചികമായി കൊലചെയ്യപ്പെടുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കൊലയാളി സംഘത്തിലെ അംഗങ്ങളെല്ലാം ദുരൂഹമായി പീഡിപ്പിക്കപ്പെടുന്നു. ആ ദുരൂഹതയുടെ ചുരുളുകളഴിയുകയാണ് 122 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ. ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ ഒന്നില്‍ വൈകിട്ട് 6.30 ന് ലോകസിനിമാ വിഭാഗത്തിലാണ് പ്രദര്‍ശനം.
മത്സരവിഭാഗത്തില്‍ നിന്നുള്ള 10 ചിത്രങ്ങള്‍ വിവിധ തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കന്നട ചിത്രം 'ഡിസംബര്‍ ഒന്ന്' കൈരളിയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഒരു കുടംബത്തില്‍ സൃഷ്ടിക്കുന്ന ചലനങ്ങളെക്കുറിച്ചാണ് ചിത്രം. സാധാരണ ജീവിതം നയിക്കുന്ന കുടുംബാംഗങ്ങള്‍ പെട്ടെന്ന് കൈവന്ന പ്രശസ്തിയില്‍ പകച്ചുപോകുന്നു.
  ഒറീസയിലെ ആദിവാസി ഗ്രാമത്തില്‍ നിലനില്പിനായി നടക്കുന്ന പോരാട്ടങ്ങളുടെ കഥപറയുന്ന ദേവാശിഷ് മകീജയുടെ 'ഊംഗ', സിദ്ധാര്‍ഥ് ശിവയുടെ 'സഹീര്‍' തുടങ്ങിയ മത്സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനമാണിന്ന്. പ്രണയിനി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെടുമ്പോള്‍ ഒരു പാവയില്‍ അവളുടെ പുനര്‍ജന്മം കാണുകയാണ് പ്രതീഷ്. പറയാന്‍ കഴിയാതെ പോയ ആ പ്രണയാഗ്നിയില്‍ ഉരുകുകയാണ് അവന്‍. മലയാള ചിത്രമായ 'സഹീര്‍' വേറിട്ട ദൃശ്യാനുഭവമാകും.
ലോകസിനിമാവിഭാഗത്തില്‍ 21 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഐഎഫ്.എഫ്.ഐയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'ബിയാട്രിസിസ് വാര്‍' പ്രണയിക്കുന്ന പുരുഷനോടും സ്വരാജ്യത്തോടുമുള്ള ഒരു സ്ത്രീയുടെ അചഞ്ചലമായ വിശ്വാസത്തെ വികാരതീവ്രമായ ആവിഷ്‌കാരമാണ്. നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രം കലാഭവനില്‍ പ്രദര്‍ശിപ്പിക്കും.
ഐ.എഫ്.എഫ.ഐ ഉള്‍പ്പെടെ നിരവധി മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ 'ലെവിയാതന്‍' നിശാഗന്ധിയില്‍ ഇന്ന് ഏഴുമണിക്ക് പ്രദര്‍ശിപ്പിക്കും. പണത്തിനുവേണ്ടി തന്റെ ബാല്യകാല സ്മരണകളുറങ്ങുന്ന ഇടംവിട്ടുപോകാന്‍ കോലിയ തയാറല്ല. ജീവിതം തന്നെ മാറ്റിമറിക്കുന്ന അനുഭവങ്ങളിലേക്കാണ് അത് അയാളെ കൂട്ടിക്കൊണ്ടുപോകുന്നത്. ആന്‍ട്രി സ്വാഗിന്‍സെവാ ചിത്രത്തിന്റെ സംവിധായകന്‍.
റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നിശബ്ദചിത്രങ്ങളിലൂടെ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ബസ്റ്റര്‍ കീറ്റണിന്റെ 'എ ഫണ്ണി തിങ് ഹാപ്പന്‍ഡ് ഓണ്‍ ദി വേ ടു ദി ഫോറം', മിക്കലോസ് ജാങ്‌സോയുടെ 'ദി റൗണ്ട്-അപ്പ്' എന്നിവ പ്രദര്‍ശിപ്പിക്കും.
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ എം.പി. സുകുമാരന്‍ നായരുടെ 'ജലാംശം' പ്രദര്‍ശിപ്പിക്കും. കാര്‍ഷിക സമൂഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് സംസ്‌കാരത്തിലേക്കുള്ള ദുരന്തപൂര്‍ണമായ രൂപമാറ്റമാണ് ചിത്രം പ്രതിനിധാനം ചെയ്യുന്നത്. ചോരപുരണ്ട ഭൂതകാലത്തിനും വിരസമായേക്കാവുന്ന ഭാവികാലത്തേക്കുറിച്ചുള്ള പ്രതീക്ഷകളിലും ജീവിക്കുന്ന കുഞ്ഞുണ്ണിയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ക്രിക്കറ്റിനെ പ്രാണവായുവായി കരുതുന്ന ഒരുകൂട്ടം ആളുകളുടെ കഥപറഞ്ഞ് തിയേറ്റര്‍ വിജയം കൊയ്ത '1983'യും ഇന്ന് പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment