19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 11 December 2014

ചലച്ചിത്രമേളയ്ക്ക് ഇന്ന് (ഡിസം.12) തിരിതെളിയും; ഉദ്ഘാടനം വൈകിട്ട് 5.30 ന് നിശാഗന്ധിയില്‍

ലോക സിനിമയിലെ വിസ്മയക്കാഴ്ചകളിലേക്ക് ഇന്ന് (ഡിസം.12) തലസ്ഥാനം മിഴിതുറക്കും. പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.   മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കുന്ന ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോച്ചിയോ, വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരാകും. മന്ത്രി വി.എസ്. ശിവകുമാര്‍, എം.എല്‍.എ.മാരായ കെ.മുരളീധരന്‍, എം.എ.ബേബി, മേയര്‍ കെ.ചന്ദ്രിക, ചലച്ചിത്ര- സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചിത്രത്തിലെ നടന്‍ തൗഫിക് ബാറോമിന്റെ സാന്നിധ്യം ശ്രദ്ധേയമാകും. തുടര്‍ന്ന്  നിശാഗന്ധിയിലെ ഓപ്പണ്‍തിയേറ്ററില്‍ ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത 'ഡാന്‍സിംഗ് അറബ്‌സ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇതേസമയം കൈരളി തിയേറ്ററിലും ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും.  മേളയുടെ സിഗ്നേച്ചര്‍ ഫിലിമിന്റെ ആദ്യ പ്രദര്‍ശനവും  നടക്കും. 

ഡിസംബര്‍ 19 വരെ നഗരം പൂര്‍ണമായും ചലച്ചിത്ര ലഹരിയിലാകും. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ലോകകാഴ്ചകളിലൂടെയുള്ള സഞ്ചാരമാകുന്ന ഒട്ടേറെ ചിത്രങ്ങള്‍ മേളയിലെത്തുന്നുണ്ട്. 140 ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.വൈവിധ്യമാര്‍ന്ന പാക്കേജുകളായി തരം തിരിച്ചാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗൗരവമുള്ള ചലച്ചിത്ര ചിന്തകള്‍ക്ക് വേദിയാകുന്ന ഓപ്പണ്‍ഫോറം, പാനല്‍ചര്‍ച്ച, സെമിനാറുകള്‍ എന്നിവയും മാറ്റുകൂട്ടും.100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അവതരിപ്പിക്കുന്നത്. അതുല്യചലച്ചിത്ര പ്രതിഭകളുടെ മികവ് പ്രകടമായ ചിത്രങ്ങള്‍ കണ്ടംപറ റി മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. റിട്രോസ്‌പെക്ടീവ് വിഭാഗം മുന്‍കാല വിഖ്യാത ചിത്രങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമായിരിക്കും. ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമാ വിഭാഗം, മലയാള സിനിമ ഇന്ന്, ചൈനീസ് -ഫ്രഞ്ച് കാഴ്ചകളുമായി പ്രത്യേക വിഭാഗം, ജൂറിചിത്രങ്ങള്‍, മത്സര വിഭാഗം എന്നീ ഇനങ്ങളിലായി ലോക സിനിമയുടെ വിസ്മയക്കാഴ്ചകള്‍ ഇതള്‍വിരിയും. കലാഭന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്റര്‍റ്റിലെ മൂന്ന് വേദികള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ, നിശാഗന്ധി എന്നിവിടങ്ങളിലായാണ്  പ്രദര്‍ശനം.

No comments:

Post a Comment