19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 29 November 2014

മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷക ഇനമായ മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളും വിദേശഭാഷാ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പി.ശേഷാദ്രി സംവിധാനം ചെയ്ത 'ഡിസംബര്‍ 1', ദേവാശിഷ് മഹീജയുടെ 'ഊംഗ', സജിന്‍ബാബുവിന്റെ 'അസ്തമയം വരെ', സിദ്ദാര്‍ഥ്ശിവയുടെ 'സഹീര്‍' എന്നീ ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇറാനിയന്‍ ചിത്രങ്ങളായ 'ഒബ്ലീവിയന്‍ സീസണ്‍' (സംവിധാനം: അബ്ബാസ് റാഫി), 'ദി ബ്രൈറ്റ് ഡേ' (ഹുസൈന്‍ ഷഹാബി), മെക്‌സിക്കന്‍ ചിത്രമായ 'വണ്‍ ഫോര്‍ ദി റോഡ്' (ജാക് സാഗ), അര്‍ജന്റീനയില്‍ നിന്നുള്ള  'റഫ്യൂ ജിയോഡൊ' (ഡിയെഗൊ ലെര്‍മാന്‍), ജപ്പാനീസ് ചിത്രമായ 'സമ്മര്‍, ക്യോട്ടോ' (ഹിരോഷി ടോഡ), ബംഗ്ലാദേശി സിനിമ 'ദി ആന്റ് സ്റ്റോറി' (മുസ്തഫ സര്‍വാര്‍ ഫറൂക്കി), ബ്രസീലിയന്‍ സിനിമ 'ദി മാന്‍ ഓഫ് ക്രൗഡ്' (മാര്‍സലോ ഗോമസ്), മൊറോക്കന്‍ സിനിമകളായ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' (തല ഹദീദ്), 'ദേ ആര്‍ ദി ഡഗ്‌സ്' (ഹിഷാം ലാസ്രി), ദക്ഷിണ കൊറിയന്‍ ചിത്രം  'എ ഗേള്‍ അറ്റ് മൈ ഡോര്‍' (ജൂലി ജങ്) എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
മനുഷ്യ ജീവിതത്തിന്റെ സ്വപ്നങ്ങളും ഒറ്റപ്പെടലും പ്രണയവും പ്രതികാരവുമെല്ലാം  ഈ സിനിമകളില്‍ പ്രതിഫലിക്കും. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ക്ക് കാല-ദേശ-ഭാഷ വ്യത്യാസങ്ങളില്ലെന്ന് ബോധ്യപ്പെടുത്തുന്നതാകും മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍.
25 ാമത് സ്റ്റോക്‌ഹോം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ സിനിമയാണ് ദക്ഷിണകൊറിയന്‍ സംവിധായകന്‍ ജൂലി ജങിന്റെ 'എ ഗേള്‍ അറ്റ് മൈ ഡോര്‍'. പൊലീസ് അക്കാദമി ഇന്‍സ്ട്രക്ടറായിരുന്ന ലീക്ക് അവിചാരിതമായി ഴെസു എന്ന ഗ്രാമത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നു. അവിടെ അയാളെ കാത്തിരുന്നത് ഗ്രാമജീവിതത്തിന്റെ നിഷ്‌കളങ്കതയോടൊപ്പം അതിന്റെ ഭീകരതയുമായിരുന്നു.  രണ്ടാനച്ഛനും ഗ്രാമത്തിലെ വ്യവസായ പ്രമുഖനുമായ പാര്‍ക്കിന്റെ പീഡനങ്ങള്‍ക്കു വിധേയയാകേണ്ടിവരുന്ന സിയോളിനെ കണ്ടുമുട്ടുന്നതോടെ ലിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്നു. തികച്ചും അപരിചിതമായ പ്രദേശത്ത് ലി  നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
കര്‍ണാടകയിലെ വസുപുര എന്ന ഗ്രാമത്തിലെ  മധ്യവര്‍ത്തി കുടംബത്തിന്റെ കഥ പറയുകയാണ് പി. ശേഷാദ്രി 'ഡിസംബര്‍ 1' എന്ന സിനിമയിലൂടെ. ദാരിദ്ര്യത്തിനും പ്രാരാബ്ധത്തിനുമിടയിലും കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ജീവിക്കുന്നവര്‍. അതിഥിതിയായെത്തുന്ന മുഖ്യമന്ത്രിയെക്കാരണം സ്വന്തം വീട്ടില്‍ അന്യരായി ഈ കുടുംബം കഴിയേണ്ടിരുന്നു. മികച്ച പ്രാദേശിക ഭാഷാചിത്രത്തിനുള്ള 61 ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ്.
ടെലിവിഷന്‍ പരമ്പരകളുടെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായ അബ്ബാസ് റാഫിയുടെ ചിത്രമാണ് 'ഒബ്ലിവിയോണ്‍ സീസണ്‍'. തന്റെ ഇരുണ്ട ഭൂതകാലത്തെ വിട്ടെറിഞ്ഞ് പ്രിയതമനോടൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വേശ്യ സ്ത്രീയുടെ കഥ. പുരുഷാധിപത്യ സമൂഹത്തില്‍ തന്റെ പ്രിയതമന്റെ പ്രണയതടവറയില്‍ ബന്ധിതയായ സ്ത്രീ നടത്തുന്ന സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ കഥ പറയുന്നു.
അര്‍ജന്റീന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ ഡിയോഗോ ലര്‍മന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'റഫ്യൂദിയോദൊ'. ഫാവിയനിലെ ആഭ്യന്തര കലാപത്തോടെ അനാഥരാകപ്പെടുന്ന ലോറയുടെയും മകന്റെയും കഥ. ശൂന്യവും വിജനവുമായ വര്‍ത്തമാനകാലത്തു നിന്നുകൊണ്ട് തനിക്കും മകനും സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കുവാനുള്ള തത്രപ്പാടിലാണ് ലോറ. കാന്‍സ് അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു.
ജാപ്പനീസ് ചിത്രമായ 'സമ്മര്‍ ക്യോട്ടോ'യുടെ സംവിധായകന്‍ ഹിരോഷി ടോടയാണ്. ഇതിലെ പ്രധാനകഥാപാത്രങ്ങളായ നക്കിമുറ ദമ്പതിമാര്‍ സുഗന്ധസഞ്ചികള്‍ നിര്‍മിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്. തെരുവില്‍ അനാഥനായി കണ്ട വൃദ്ധനെ മാനുഷിക പരിഗണന മാനിച്ച് സംരക്ഷിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് നക്കിമുറാ ദമ്പതികളെ സഹായിക്കാനായി തെരുവില്‍ ബാഗ് വില്‍ക്കാന്‍ പോകുന്ന വൃദ്ധനെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതാകുന്നതാണ് ഇതിവൃത്തം.
മോസ്തുഫാ ഫറൂക്കിയുടെ 'ആന്റ് സ്റ്റോറി' ബുരിഗംഗ നദിക്കക്കരെയുള്ള ധാക്ക നഗരത്തെ സ്വപ്നം കാണുന്ന മിഥു എന്ന യുവാവിന്റെ കഥ പറയുന്നു.  സ്വപ്നങ്ങള്‍ ഒന്നും സഫലമാകില്ലെന്ന്തിരിച്ചറിയുന്ന മിഥു സ്വന്തമായി ഒരു സാങ്കല്പിക ലോകം സൃഷ്ടിക്കുന്നു. സത്യം എന്നത് തന്നെ തേടിയെത്തുന്നതും കള്ളം സ്വപ്രയത്‌നം കൊണ്ട് സൃഷ്ടിക്കുന്നതുമായതുകൊണ്ട് താന്‍ സൃഷ്ടിച്ചെടുത്ത കപടലോകത്ത് ജീവിക്കുവാന്‍ തയാറാകുന്നു. ആ ശ്രമത്തിനിടയിലെ രസാവഹമായ സംഭവങ്ങളും സാധാരണ ബംഗ്ലാദേശ് പൗരന്റെ ജീവിക്കുവാനുള്ള ആഗ്രഹവും ഒത്തിണങ്ങിയ ആഖ്യാനം മിഥുവിന്റെ മനസ്സിന്റെ ആഴങ്ങളെ വ്യത്യസ്ത മാനങ്ങളിലൂടെ വ്യക്തമാക്കുന്നു.
ആത്മമിത്രത്തിന്റെ അന്ത്യാഭിലാഷം സഫലീകരിക്കാനായി യാത്ര പുറപ്പെടുന്ന എണ്‍പതുകാരന്റെ ജീവിതമാണ് ജാക് സാഗ 'വണ്‍ ഫോര്‍ ദി റോഡ്' എന്ന മെക്‌സിക്കന്‍ സിനിമയില്‍ ചിത്രീകരിക്കുന്നത്. കുടുംബത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെയും തന്റെ പ്രായത്തെയും വകവെക്കാത്ത വൃദ്ധന്‍ യാത്രയിലൂടനീളം അഭിമുഖീകരിക്കേണ്ടിവരുന്ന ദൗര്‍ഭാഗ്യതയെയും ഗുരുതര പ്രശ്‌നങ്ങളെയും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.
ദേവാശിശ് മഖീജ സംവിധാനം നിര്‍വഹിച്ച 'ഊംഗ' ഒറിയന്‍-ഹിന്ദി ചലച്ചിത്രമാണ്. ദളിത് ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട ഊംഗ എന്ന  ബാലന്‍ തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ താന്‍ പുരാണകഥാപാത്രമായ രാമനാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. നാടിനെ കാര്‍ന്നുതിന്നുന്ന ബോക്‌സൈറ്റ് ഖനനഫാക്ടറിക്കെതിരെ അവന്‍ പൊരുതുവാന്‍ തീരുമാനിച്ചു. ഏറെ സങ്കീര്‍ണമായ ആദിവാസി ജീവിതവും നക്‌സല്‍ പോരാട്ടവുമൊക്കെ സിനിമയുടെ പ്രതിപാദ്യവിഷയമാകുന്നു.
സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലയില്‍ പ്രശസ്തനായ ഹുസൈന്‍ ഷാഹാബിയുടെ ചിത്രമാണ് 'ദി ബ്രൈറ്റ് ഡേ'. കൊലപാതക കുറ്റം ചുമത്തപ്പെട്ട തന്റെ വിദ്യാര്‍ഥിയുടെ അച്ഛനെ രക്ഷിക്കാന്‍ ഒരു നഴ്‌സറി ടീച്ചര്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ. ഇരുളടഞ്ഞ സമൂഹത്തിനുനേരെ വിരല്‍ചൂണ്ടുന്ന സിനിമ. ഇറാനിയന്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രീതി പിടിച്ചുപറ്റിയ ഈ ചിത്രം 2013 ലാണ് നിര്‍മിച്ചത്.
മൊറോക്കന്‍ സിനിമയിലെ സ്ത്രീ സാന്നിധ്യമായ തലാ ഹാദീദ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'ദി നാരോ ഫ്രൈം ഓഫ് മിഡ് നൈറ്റ്'. മൊറോക്കോ കാടുകളില്‍ ഏകയായി കാണപ്പെടുന്ന ഐച്ച. കാടിന്റെ വന്യതയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ സിനിമ ഐച്ചയുടെ ധീരവും സാഹസികവുമായ ഭൂതകാലത്തിന്റെ കഥപറയുന്നു. 21 ാം നൂറ്റാണ്ടിലെ  ഇടമില്ലായ്മ ചര്‍ച്ച ചെയ്യുന്ന സിനിമ കുടിയേറ്റക്കാര്‍, നാടുകടത്തപ്പെട്ടവര്‍, അഭയാര്‍ഥികള്‍, നാടോടികള്‍ തുടങ്ങിയവരുടെ ഇടമന്വേഷിക്കുന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് ജുവനൈല്‍. ബ്രസീലിലെ തിരക്കേറിയ വീഥിയിലൂടെ ട്രാം ഓടിക്കുമ്പോഴും ഏകാന്തവാസം നയിക്കുകയാണ് ജുവനൈല്‍. സഹപ്രവര്‍ത്തകയോടൊപ്പം സൗഹൃദം പുലര്‍ത്താന്‍ നിര്‍ബന്ധിതനാകുന്ന ജുവനൈലിന്റെ മാനസിക സംഘര്‍ഷങ്ങളാണ് 'ദി മാന്‍ ഓഫ് ക്രൗഡ്' (ബ്രസീല്‍)പറയുന്നത്. വ്യവസായവത്കൃത ലോകത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെക്കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു. 95 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ബ്രസീലിയന്‍ ചിത്രത്തിന്റെ സംവിധായകര്‍ മസേലോ ഗോമസ്സും കാവൊ ഗുമാരിയസുമാണ്.
വ്യത്യസ്തവും അനുകരണീയവുമായ പത്രപ്രവര്‍ത്തനമേഖലയെക്കുറിച്ചുള്ള കഥയാണ് ഹിസാന്‍ ലാസിയുടെ 'ദേ ആര്‍ ദി ഡോഗ്‌സ്'. അറബ് വസന്തത്തിന്റെ യാഥാര്‍ഥ്യങ്ങളെ ഒപ്പിയെടുത്ത് സമൂഹത്തിന്റെ കാവല്‍ നായ്ക്കളാകാന്‍ മുതിരുന്ന മൂന്ന് പത്രപ്രവര്‍ത്തകര്‍. യാദൃശ്ചികമായി സമൂഹം തമസ്‌കരിച്ച ഒരു ചരിത്രത്തിന്റെ ഏട് അവരെത്തേടിയെത്തുന്നു. 1880 കളില്‍ നടന്ന മൊറോക്കോയിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെട്ട വ്യക്തിയുടെ ഭൂതകാലം തേടിപ്പോകാന്‍ അവര്‍ തീരുമാനിച്ചു.
വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സെമിനാരിയില്‍ ചേരുന്ന യുവാവ് കടുത്ത മാനസിക സമ്മര്‍ദത്തെതുടര്‍ന്ന് പൗരോഹിത്യവൃത്തി ഉപേക്ഷിക്കുന്നു. തുടര്‍ന്ന് തന്റെ സ്വത്വം തേടി അവന്‍ നടത്തുന്ന യാത്രയാണ് 'അസ്തമയം വരെ' എന്ന സിനിമ. കാടിന്റെ വന്യതയുടെയും പ്രശാന്തതയുടെയും പശ്ചാത്തലത്തില്‍ സജിന്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്.
തികച്ചും സാധാരണമായൊരു കലയെ വ്യത്യസ്തമായ ദൃശ്യഭാഷ നല്‍കിക്കൊണ്ട് അസാധാരണമാക്കുകയാണ് 'സഹീര്‍' എന്ന സിനിമ സൃഷ്ടിച്ചുകൊണ്ട് സിദ്ധാര്‍ഥ് ശിവ. ഒരിക്കല്‍ സ്പര്‍ശിക്കുകയോ കാണുകയോ ചെയ്താല്‍ പിന്നീടൊരിക്കലും മറക്കാന്‍ കഴിയാത്തതും  ഭ്രാന്തുപിടിപ്പിക്കത്തക്കവണ്ണം ചിന്തകളെ ആവേശിക്കുന്നതുമായ വസ്തുവോ വ്യക്തിയോ ആണ് സഹീര്‍.  പ്രിയതമയുടെ അകാലവിയോഗത്തില്‍ അവളെ സഹീറായി മറ്റൊരു സ്ത്രീയില്‍ കണ്ടെത്തുകയാണ് നായകന്‍. പുരുഷമേധാവിത്വ ലോകത്ത് സ്ത്രീ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നു. 

No comments:

Post a Comment